Wednesday, June 8, 2016

അല്ല സാര്‍, എനിക്കിയാളെ അറിയാം

അല്ല സാര്‍
ഉം... എനിക്കിയാളെ അറിയാം
തെളിഞ്ഞിട്ടുണ്ട്, പിന്നീട്
ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം

അനാഥമായ ആ ജൂണില്‍
മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍
ഒരു കുടക്കീയിലും  ആരും കൂട്ടാത്ത
തണുത്ത് വിറ്ച്ച് സ്കൂള്‍ മൂലയില്‍

അളുകിപ്പഴകിയ അലൂമിനിയം പാത്രത്തില്‍
മുഖമമര്‍ത്തി മോന്തുന്ന
വിറയാര്‍ന്ന കറുത്ത ശില്‌പം

കളാസ്സ് മുഴുകെച്ചിരിക്കുന്ന
ഉച്ചകഴിഞ്ഞ പിരിയഡില്‍
നെറ്റിയിലുണങ്ങിയ വറ്റിന്റെ
കോമാളിത്തരമറിയാത്ത
കറുത്ത ശരീരത്തിലെ
കരഞ്ഞ് കലങ്ങിയ, ചുറ്റും നോക്കുന്ന
വിഹ്വലമായ  കണ്ണുകളുമായ്

പിന്നീടങ്ങിനെ കാലം ചെല്ലുംതോറും
ചായക്കടയില്‍, ബസ്റ്റോപ്പില്‍
കോളേജിന്റെ ഗെയ്റ്റ്നു മുമ്പില്‍
കഞ്ചാവു തൊണ്ടിയുമായ് പോലീസ് ജീപ്പില്‍

മാര്‍ക്കറ്റില്‍ ക്രൂരമായ ശണ്ഡകളില്‍,
അതിലൂടെപ്പോകുന്ന
രാഷ്ട്റീയപ്പാര്‍ട്ടികളുടെ ജാഥകളിലും
പ്രതിഷേധ സമരങ്ങളിലുമുടനീളം

ചാനലുകളില്‍
പിച്ചിച്ചീന്തിയ
പിറക്കാത്ത പെങ്ങളുടെ ശവത്തിനു മുന്നില്‍
അക്രമാസക്തമായ് നിലവിളിച്ച് തുള്ളുന്ന
വിചിത്ര രൂപമുള്ള മൃഗം പോല്‍

ഒടുവില്‍
വഴിയോരങ്ങളിലെ ലുക്കൗട്ട് നോട്ടിസുകളില്‍
പീരുമേട് അബ്കാരി കൊലക്കേസില്‍
രേഖാചിത്രമായ്, മീഡിയകളില്‍

അതേ സാര്‍
ചിതറിയ ഇവന്റെ തല്‍ച്ചോറിലെ
ചതഞ്ഞുപോയെ ഓര്‍മ്മകളില്‍
എനിക്ക് കാണാനാവും
മജ്ജയും മാംസവും വികാരവിക്ഷുബ്ദകളും
സ്നേഹവും, വേദനയും പ്രതികാരവുമെല്ലാമുള്ള
ഒരു  പച്ചയായ മനുഷ്യനെ

ഇയാള്‍ക്കൊരു പോസ്റ്റുമോര്‍ട്ടത്തിന്റെയും
ആവശ്യമില്ലതെ എനിക്ക് റിപ്പോര്‍ട്ട് എഴുതാനുമാകും
പിറവിക്കും മൃത്യുവിനും ഇടക്കുള്ള
യാഥാര്‍ത്ഥ്യമാണ്‌ ഞാന്‍ എന്നുപോലും
തിരിച്ചറിയാതെ പൊലിഞ്ഞു പോയ നിഷ്കളങ്കത.

Tuesday, September 25, 2007

എന്റെ ആത്മാവ്‌ നിന്റെ ശരീരത്തോട്‌

സ്വപ്നത്തില്‍പോലും
തിരിച്ചെടുക്കാന്‍ പറ്റാത്ത വിധം
നിന്നിലേക്ക്‌
ഞാന്‍ സമാധിയാവും

നാളെ നീ
കണ്ണാടിനോക്കുമ്പോള്‍
ചാരുതയാര്‍ന്ന
നിന്നുടല്‍
ഇരമ്പുമൊരു കടല്‍ മാത്രം

അശാന്തമായ
കടലിനെ നീ ഭയക്കും
മണമില്ലാത്ത
ഒറ്റപ്പെട്ട പൂവിലേക്ക്‌
നിന്റെ ചിത്രശലഭങ്ങള്‍ക്ക്‌
ആരും വഴികാണിക്കനുമിടയില്ല

അനശ്വരമെന്ന്
സ്വയം കബളിപ്പിക്കപ്പെട്ടത്‌
നഷ്ടപ്പെട്ടപ്പോള്‍
വാക്കുകളുടെ കൊടുംകാട്ടില്‍
നഷ്ടപ്പെട്ടുപോയ
ഒരു കവിതയെപ്പോലെ
സുന്ദരാവയവങ്ങളെല്ലാം
നിനക്കപരിചിതമാവും.

ഇനിയും
പുറംതൂവലുകളില്‍ മാത്രം
നിന്നെ കണ്ടെടുക്കാന്‍
ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍
പിന്നെ എങ്ങിനെ
നിന്നിലെ എന്നെ നീ
തിരിച്ചറിയും

Sunday, September 2, 2007

അതുകൊണ്ടാവും?

ഉണര്‍ന്നപ്പോള്‍
മുറിയിലൊകെ
പൂത്തു നില്‍ക്കുന്ന
വല്ലാത്ത സുഗന്ധം

കിടക്കുന്നതിനു മുമ്പ്‌
അന്നും ഊതിവിട്ടിരുന്നത്‌
അസ്വാസ്ഥ്യത്തിന്റെ
പുകച്ചുരുളകളായിരുന്നല്ലോ
പിന്നെങ്ങനെ?

ഉറങ്ങുന്നതിനു മുമ്പ്‌
ചോരപുരണ്ട അക്ഷരങ്ങളായ്‌
ഹൃദയത്തിലേക്ക്‌ കുത്തിക്കയറിയത്‌
ഉറുമ്പെരിക്കുന്ന കഫക്കട്ടകളായിരുന്നില്ലേ*
പിന്നെന്തുകൊണ്ട്‌?

അപരിചിതമായ
കൊടുംകാടുകളിലൂടെ
ഏതോ കുസൃതിക്കൊമ്പനോടിച്ചപ്പോള്‍
അകപ്പെട്ടുപോയത്‌
ഭൂതകാലങ്ങളുടെ കൊടും ചതുപ്പുകളിലും
പിന്നെന്തായിരിക്കും?

കുഞ്ഞു നക്ഷത്രങ്ങള്‍
ഭൂമിയില്‍
ഞങ്ങളൊഴികെ
മറ്റാരും ഉണര്‍ന്നിരിക്കരുതേ
എന്നാവും
പ്രാര്‍ത്ഥിച്ചിട്ടുണ്ടാവുക

പെയ്യാതെ വീര്‍പ്പു മുട്ടിയ
മുഴുവന്‍ മേഘങ്ങളോടുമൊപ്പമാണ്‌
ആ രാത്രി തോര്‍ന്നത്‌

മരുഭൂമിയുടെ മിടിപ്പുകളായിരുന്നു
നെഞ്ചിലമര്‍ന്നു
പരസ്പരം തണുത്തത്‌

കാത്തു കിടന്ന്
മണ്ണ് മൂടിപ്പോയവ ഓരോന്നായ്‌
ആ ആര്‍ദ്രതയില്‍ പൂവിട്ടു
അപ്പോഴായിരുന്നല്ലോ
ഞാനുണര്‍ന്നുപോയത്‌
അതുകൊണ്ടാവും
ഈ കൊതിപ്പിക്കുന്ന മണം
ഏകാന്തതയില്‍ ഒരിക്കലൂം
എന്നെ വിട്ടുപോകാതെ
അങ്ങിനെ.......

*ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ‘മഞ്ഞുകാലം‘

Thursday, May 17, 2007

സഹീറ

കുന്നുപോലെ വളര്‍ന്നപ്പോള്‍
തീപിടിച്ചു
അച്ഛന്റെ നെഞ്ചിന്‌

പുര നിറഞ്ഞവളുടെ പുഞ്ചിരി
പുറത്തേക്കൊഴുകിയപ്പോള്‍
പടര്‍ന്നു
അമ്മയുടെ ഹൃദയത്തിലേക്കും

_________________________

ഒഴിവുദിന രാവിന്റെ
ആഘോഷത്തിമര്‍പ്പില്‍
ഇടക്കു കയറി വിറച്ചത്‌
മരുഭൂമി പോലെ പൊള്ളുന്നതായിരുന്നു.

ഡസേര്‍ട്ട്‌ ഡിന്നറിന്റെ
സ്വാദൂറും ഗന്ധങ്ങളിലേക്ക്‌
അനുവാദമില്ലാതെ വന്ന
കരിഞ്ഞ മണം
ബലി നൃത്തച്ചുവടുകളെ
മൂടിക്കളഞ്ഞ ധൂമപാളികള്‍

എരിയുന്ന നെഞ്ചിലെ തീയണക്കാന്‍
സ്വയം കത്തിച്ചു മിനുക്കിത്തേച്ച
മേഘത്തണുപ്പിലേക്ക്‌ നീളുന്ന
തണുത്ത പാദമുദ്രകള്‍

_________________________

ആഘോഷാന്ത്യത്തില്‍
വഴി തെറ്റിയോരേകാന്തതയില്‍
കാടുപിടിച്ച തറവാടുമുറ്റം
ചളിക്കുപ്പാഴം ചുരുട്ടിപ്പിടിച്ച്‌
ഒരു കുസൃതി നിന്നു ചിണുങ്ങുന്നു
കയ്യിലുള്ള മിഠായിയും തട്ടിപ്പറിച്ച്‌
ദൂരെ മാറി
എന്നെ നോക്കിച്ചിരിക്കുന്നു

പൊന്മണല്‍ ഞൊറികളില്‍
പവിഴം ചിതറിയപ്പോള്‍
നിലാവിന്റെ മനസ്സോടെ
ഞാനും ചിരിച്ചു
സഹീറക്കുട്ടീ........

Saturday, February 10, 2007

ആത്മീയതയെക്കുറിച്ച്‌ മൂന്ന് കവിതകള്‍

സത്യം

ആരാധനയുടെ തടവറയില്‍ നിന്നും
മോചിപ്പിച്ചപ്പോള്‍
അവളയാളുടെ സ്വപ്നങ്ങളിലേക്കിറങ്ങി വന്നു
സ്നേഹപൂര്‍വ്വം സംവദിച്ചപ്പോള്‍
സത്യത്തിന്റെ സൗന്ദര്യം
മിഴിവുറ്റൊരു കാഴ്ചപ്പാടിലേക്ക്‌
അയാളെ നയിച്ചു

സൗന്ദര്യം

കാഴ്ചയറ്റ സങ്കല്‍പങ്ങളില്‍ നിന്നും
മുക്തി നേടിയപ്പോള്‍
അയാള്‍ക്കു മുമ്പില്‍
ഉടയാടകളഴിഞ്ഞു വീണു
അവളുടെ നഗ്നസൗന്ദര്യം
അയാളുടെ ഹൃദയത്തെ
തെളിച്ചമുള്ളതാക്കി

മോക്ഷം

അഭയത്തിന്റെ തുരുത്തുകളോരോന്നായ്‌
താഴ്‌ന്നുപോയപ്പോള്‍
അവളാകാശത്തു നിന്നും
ഒരു നോട്ടമെറിഞ്ഞു
ദീപ്തമാം സ്നേഹധാരയില്‍
അയാള്‍ മോക്ഷത്തിന്റെ
ആഴങ്ങളിലേക്കാണ്ടു

Tuesday, February 6, 2007

രാത്രി

രാവിനെ കറുപ്പിച്ചത്
പകലിനെ പുതപ്പിക്കാനാണ്
സ്വപ്നങ്ങള്‍ക്കെപ്പോഴും
കറുത്ത തിരശ്ശീലെയിലേ തെളിച്ചമുള്ളൂ
മുഖം മനസ്സിന്റെ കണ്ണാടിയെങ്കില്‍
ആകാശത്തിനും ഭൂമിക്കുമിടയിലുള്ള
പ്രതിഫലനരാഹിത്യമാണ് രാത്രി

നിഗൂഡതയുടെ ആകാശത്ത് നിന്ന്
പര്‍ദ്ദയണിഞ്ഞാണ് സ്വപ്നങ്ങളെത്താറ്
കടലിന്റെ ആഴങ്ങളിലെ ഇരുട്ട്
മുത്തും പവിഴവും വിരിയിക്കുന്നു

ഇരുണ്ടയിടങ്ങളില്‍ വേലികള്‍ തകരുന്നു
കെട്ടിനിര്‍ത്തിയ സ്നേഹം പരന്നൊഴുകുന്നു
യുവാക്കളും കവികളും വേശ്യകളും
വെണ്‍ചന്ദ്രനും നക്ഷത്രങ്ങളും പാട്ടുകാരും
അനന്തസ്നേഹാനുഭൂതിയില്‍ നീന്തിത്തുടിക്കുന്നു
പ്രഭാതത്തില്‍ പൂക്കള്‍ വിരിയുന്നു.

(ഭാഷാപോഷിണി - നവ. 2006)

Sunday, January 21, 2007

ശലഭം

അന്ന്
നിശ്വാസങ്ങളില്‍
പരസ്പരം വിയര്‍ത്തപ്പോള്‍

രാവിന്റെ പുതപ്പും കഴിഞ്ഞ്
ആത്മാവിനും മീതേയ്ക്കു നീളുന്ന
അതിരുകളറിയാത്ത ചിറകുകള്‍
നിന്നിലൂടെ
പറന്നുയരുമ്പോള്‍

രതിയുടെ പൂങ്കാവനങ്ങളില്‍
പല പൂക്കളെ മണത്ത്
പരാഗം പകര്‍ന്ന്
തേന്‍ നുകര്‍ന്നു

ഇന്ന്
നീയില്ലാത്ത തണുപ്പില്‍
കൂട്ടിനെത്തുന്ന
അനേകം ചുവന്ന ദലങ്ങളിലൂടെ
ഞാനറിയുന്നത്
നിന്റെ ചൂടും ചൂരും
നിന്റെ ആത്മാവിലൂടെ
ദൈവത്തെയും.

(കേരള കവിത 2005 ല്‍ പ്രസിദ്ധീകരിച്ചത്)